ചോദ്യങ്ങൾ
Q.
സമുദ്രോത്പന്ന ഉപഭോക്താക്കളെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം കാലാനുസൃതമായി മത്സ്യം പിടിക്കുവാൻ മത്സ്യത്തൊഴിലാളികളെ ശീലിപ്പിച്ചാൽ പോരേ?
A.
ഇത് മനസ്സിലാക്കുവാൻ മത്സ്യബന്ധനത്തിന്റെ ചരിത്രപരിസരം ആദ്യം നാം പഠിക്കണം.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം മത്സ്യവ്യവസായത്തെ ഭക്ഷ്യസുരക്ഷ, തൊഴിലവസരങ്ങൾ സാമ്പത്തികവളർച്ച തുടങ്ങിയ വിഷയങ്ങളെ അഭിസംബോധനചെയ്യാൻ പ്രാപ്തിയുള്ള ഒരു പ്രധാനപ്പെട്ട ഉത്പാദനവിഭാഗമായിട്ടാണ് വീക്ഷിച്ചിരുന്നത്. അതിനാൽ മത്സ്യബന്ധനം നടത്തുവാൻ കൂടുതൽപേർക്ക് ഗവണ്മെന്റ് പ്രോത്സാഹനമേകിത്തുടങ്ങി. മത്സ്യബന്ധനത്തിന് ആവശ്യമുള്ള ബോട്ട് നിർമ്മാണം, ഇന്ധനം, ഉപകരണങ്ങൾ തുടങ്ങിയ മുതൽമുടക്കുകൾക്ക് ധനസഹായം നൽകിയാണ് ഇത് സാദ്ധ്യമാക്കിയത്.ഉത്പാദനം വർദ്ധിപ്പിക്കുവാനുള്ള ശ്രമത്തിൽ ട്രോളിങ് പോലുള്ള വിനാശകരമായ രീതികൾ തുടങ്ങുകയും അതിനു ധനസഹായമേർപ്പെടുത്തുകയും ചെയ്തു.
1990കളുടെ അവസാനകാലത്ത് തീരദേശമത്സ്യബന്ധനവ്യവസായ ത്തിന്റെ (അതായത് തനിയെ വളരുന്ന മത്സ്യങ്ങളുടെ) വളർച്ച നിലക്കുകയും മത്സ്യബന്ധനത്തിൽനിന്നുള്ള ലാഭം കുറഞ്ഞുതുടങ്ങുകയും ചെയ്തു. മത്സ്യതൊഴിലാളികൾക്കു ലഭിക്കുന്ന ധനസഹായംകൊണ്ടു മാത്രമാണ് അവർ തൊഴിലിൽ തുടർന്നത്.ഇത് ഒരു വിഷമവൃത്തത്തിന്റെ ആരംഭമായിരുന്നു. 4 ദശലക്ഷം മനുഷ്യരുടെ ജീവനോപാധിയാണ് സമുദ്രത്തിൽനിന്നുള്ള മത്സ്യബന്ധനമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു ( സമുദ്രമത്സ്യവ്യവസായ ദേശീയനയം 2017). മത്സ്യബന്ധനവ്യവസായം ( കടലിൽ വളരുന്ന മത്സ്യങ്ങളെ പിടിക്കുന്നത്) വേണ്ടത്ര ലാഭമുണ്ടാക്കുന്നില്ലെന്നതാണ് യഥാർഥ്യം.
തീരദേശ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഏതു കാലത്തായാലും മീൻപിടുത്തം നിർത്തുക അസാദ്ധ്യമാണ്. ഏതുതരത്തിലുള്ള ഉപകരണമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് പക്ഷെ സാദ്ധ്യമാണ്. പൊതുവെ മത്സ്യത്തൊഴിലാളികളുടെ പക്കൽ ഒന്നിലധികം തരത്തിലുള്ള ഉപകരണങ്ങൾ (വലകൾ) ഉണ്ടാകാറുണ്ട്, ഏതു മത്സ്യം കിട്ടിയാലാണ് നല്ല വില കിട്ടുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഉപകരണം തെരഞ്ഞെടുക്കുന്നത് . ഓരോ തരം ഉപകരണവും ഓരോ ഇനം മത്സ്യങ്ങളെയാണ് പിടികൂടുക, ഇവിടെയാണ് മാറ്റമുണ്ടാക്കാനുള്ള അവസരം ഉപഭോക്താക്കളായ നമുക്ക് ലഭിക്കുന്നത്.
പ്രത്യേക കാലങ്ങളിൽ പ്രത്യേക വലകൾ തെരഞ്ഞെടുക്കുവാൻ മത്സ്യത്തൊഴിലാളികളെ നമുക്ക് പ്രേരിപ്പിക്കാം . ലാഭം കിട്ടുമെന്ന് ഏതെങ്കിലും തരത്തിൽ “ഉറപ്പുനൽകാതെ” അവരോട് സ്വന്തം തൊഴിൽ ചെയ്യുന്ന രീതി മാറ്റണമെന്ന് പറയുവാൻ നമുക്കാവില്ല.
പിന്നെ ആരെയാണ് നാം സമ്മതിപ്പിക്കുക?
മത്സ്യവ്യവസായവിഭാഗത്തേയും അതിന്റെ ഭരണകർത്താക്കളെയും- വിനാശകരമായ ധനസഹായങ്ങൾ കുറക്കുവാൻ. നോ യുവർ ഫിഷിന്റെ ചില ടീം അംഗങ്ങളും ഉപദേശകരും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
സമുദ്രോത്പന്ന ഉപഭോക്താക്കൾ - തെരഞ്ഞെടുപ്പുകൾ നടത്തുവാൻ കഴിവുള്ളവർ, മത്സ്യത്തൊഴിലാളികൾ ഏതുതരം മത്സ്യമാണ് പിടിക്കേണ്ടതെന്നത് ഉപഭോക്താക്കളുടെ ആവശ്യങ്ങളാണ് കല്പിക്കുന്നത്.
തെരഞ്ഞെടുപ്പുകളുടെ ഈ സൂക്ഷ്മവ്യതിയാനങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് നോ യുവർ ഫിഷ് നിർദ്ദേശങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഞങ്ങളുടെ നിർദ്ദേശങ്ങളെക്കുറിച്ചും അവയുടെ സൃഷ്ടിയെക്കുറിച്ചും കലണ്ടറിന്റെ വിശദീകരണം എന്ന ഭാഗത്ത് കൂടുതൽ വായിക്കാം.
Q.
കൃഷിചെയ്തുണ്ടാക്കിയ ചെമ്മീൻ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?
A.
കടലിൽ വളരുന്ന ചെമ്മീൻ കഴിക്കുന്നതിലുള്ള പ്രധാനപ്രശ്നം അവയെ പിടിക്കുവാനുപയോഗിക്കുന്ന ട്രോളിങ് എന്ന വിനാശകരമായ പ്രക്രിയയാണ്.ചെമ്മീനുകളോടൊപ്പം പലതരത്തിലുള്ള മറ്റു മത്സ്യങ്ങളും വിപണിയിൽ മൂല്യമില്ലാത്ത കടൽജീവികളുമെല്ലാം പിടിക്കപ്പെടുന്നതാണ് ഒരുതരത്തിൽ പറഞ്ഞാൽ ട്രോളിങ്ങിന്റെ സമാന്തര നഷ്ടം. അതുകൂടാതെ ട്രോളിങ് കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥകളെ നശിപ്പിക്കുന്നുമുണ്ട്.
അങ്ങനെയുള്ള അവസ്ഥയിൽ കൃഷിചെയ്തെടുക്കുന്ന ചെമ്മീൻ നല്ലൊരു പകരംവെപ്പായി തോന്നാം. ട്രോളിങ്ങിലൂടെ ലഭിച്ചതല്ലാത്ത ചെമ്മീൻ കഴിക്കാമെങ്കിൽ അതിലും നല്ലതെന്തുണ്ട്! ദൗർഭാഗ്യകരമെന്നു പറയട്ടെ, വിപണിയിൽ കിട്ടുന്ന കൃഷിചെയ്തെടുത്ത ചെമ്മീനുകളിൽ അധികപങ്കും വളർത്തിയിട്ടുള്ളത് മത്സ്യാഹാരം നൽകിയിട്ടാണ്. എന്നാൽ ട്രോളിങ്ങിലൂടെ ചെമ്മീനുകൾക്കൊപ്പം ലഭിക്കുന്ന മറ്റുമത്സ്യങ്ങളുടെ മിശ്രിതമാണ് കൃഷിയിടങ്ങളിലെ ചെമ്മീനുകൾക്ക് തീറ്റയായി നൽകുന്നത് എന്നതാണ് ദൗർഭാഗ്യകരമായ വിഷയം . എന്താണ് അപ്പോൾ കഥയിലെ ഗുണപാഠം? കടലിൽനിന്നു പിടിക്കുന്ന മത്സ്യാഹാരത്തിനെ കുറച്ചുകൂടി സുസ്ഥിരമായ മറ്റെന്തെങ്കിലുംകൊണ്ട് അക്വാ കൾച്ചർ വ്യവസായത്തിന്റെ വലിയൊരു വിഭാഗം പകരംവെക്കുന്ന കാലം വരെ, കൃഷിചെയ്തുണ്ടാക്കുന്ന ചെമ്മീൻ കഴിക്കുന്നതും മത്സ്യവ്യവസായത്തിന്റെയും അമിതമത്സ്യബന്ധനത്തിന്റെയും പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയേയുള്ളൂ.
Q.
സമുദ്രോത്പന്നങ്ങളിൽ എന്റെ തെരഞ്ഞെടുപ്പുകൾ അമിതമത്സ്യബന്ധനമെന്ന പ്രക്രിയയിൽ എങ്ങനെയാണ് മാറ്റമുണ്ടാക്കുക ?
A.
അത് ഏറെക്കുറെ പ്രതിരോധ കുത്തിവെപ്പുകളുടെ പ്രവർത്തനം പോലെയാണ്. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ഒരൊറ്റയാൾ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചതുകൊണ്ട് ഒരു മഹാമാരി ഇല്ലാതാകുന്നില്ല. പക്ഷെ ഒരാൾ കുത്തിവെപ്പ് സ്വീകരിക്കുമ്പോൾ അയാളോട് അടുപ്പമുള്ള പലരും എന്തുകൊണ്ടാണ് കുത്തിവെപ്പെടുക്കുവാൻ തീരുമാനിച്ചതെന്ന് ചോദിക്കുവാൻ സാദ്ധ്യതയുണ്ട്. കുത്തിവെപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി അവരും അതിനു തയ്യാറാകുന്നു. പിന്നെ അവർക്ക് അടുപ്പമുള്ളവരോട് കുത്തിവെപ്പിന്റെ പ്രാധാന്യമെന്തെന്ന് അവരും പറഞ്ഞുമനസ്സിലാക്കുന്നു. അങ്ങനെ ഭൂരിഭാഗം പേർക്കും പ്രതിരോധശേഷി വർദ്ധിക്കുന്നതോടെ മഹാമാരിയുടെ തീവ്രത കുറഞ്ഞുവരുന്നു.
ചുമതലാബോധത്തോടെ സമുദ്രോത്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോഴും സംഭവിക്കുന്നത് ഇതാണ്. അതൊരു വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഒറ്റയൊരാൾ ചുമതലാബോധത്തോടെ തെരഞ്ഞെടുത്തതുകൊണ്ട് അമിതമത്സ്യബന്ധനം കുറയുന്നില്ല.എങ്കിലും ആ വ്യക്തി മറ്റു ചിലരെക്കൂടി സമുദ്രോത്പന്ന കലണ്ടർ ഉപയോഗിക്കാൻ പ്രേരിപ്പിച്ചേക്കാം. അതിന്റെ പ്രാധാന്യം മനസ്സിലാക്കുമ്പോൾ അവരും തെരഞ്ഞെടുപ്പുകൾ മാറ്റുന്നു. ധാരാളം പേർ ഇത്തരം മാറ്റങ്ങൾ ചെയ്യുമ്പോൾ സമുദ്രോത്പന്നങ്ങൾക്കുമേലുള്ള ആവശ്യത്തിന്റെ സമ്മർദ്ദങ്ങൾ ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകൾക്കൊത്ത് മാറിവരുന്നു.
Q.
ഉപഭോക്താക്കൾ സമുദ്രോത്പന്നങ്ങളുടെ ആവശ്യത്തെ സ്വാധീനിക്കുന്നുണ്ടോ?
A.
ശ്രാവണമാസം അഥവാ ഇന്ത്യയിൽ ഗണേശോത്സവത്തിന്റെ മാസം (ആഗസ്ത് മുതൽ സെപ്റ്റംബർ വരെ) ഉദാഹരണമായെടുക്കുക. ഈ മാസങ്ങളിൽ പല ഇന്ത്യക്കാരും സമുദ്രോത്പന്നങ്ങൾ കഴിക്കുവാൻ താത്പര്യപ്പെടുന്നില്ല. അതിന്റെ ഫലമായി ഈ കാലത്ത് കടലിൽപോയി മീൻപിടിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തികമെച്ചം ഉണ്ടാക്കുന്നില്ല.
നേരെ മറിച്ച് ക്രിസ്തുമസ്, പുതുവത്സരവേളകളിൽ സമുദ്രോത്പന്നങ്ങൾക്ക് വലിയതോതിൽ ആവശ്യമുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികൾ കൂടുതലായി മത്സ്യബന്ധനത്തിൽ ഏർപ്പെടാറുണ്ട്. ഈ ഉദാഹരണങ്ങളിൽനിന്ന് മനസ്സിലാകുന്നത് നമ്മുടെ തെരഞ്ഞെടുപ്പുകൾക്ക് ആവശ്യത്തെയും അതുവഴി കടലിൽ അനുഭവപ്പെടുന്ന മത്സ്യബന്ധനസമ്മർദ്ദത്തെയും നിയന്ത്രിക്കുവാനുള്ള കഴിവുണ്ട് എന്നാണ്.
വൈയക്തിക തലത്തിലുള്ള ജീവിതശൈലീമാറ്റങ്ങളുടെ ശക്തിയെ നാം കുറച്ചുകണ്ടുകൂടാ. ഇവയ്ക്ക് ഒറ്റനോട്ടത്തിൽ തോന്നിക്കുന്നതിനേക്കാൾ ആഴത്തിലുള്ള സ്വാധീനശക്തിയുണ്ട്. നോ യുവർ ഫിഷ് ഒരു സമുദ്രോത്പന്ന കലണ്ടറിനു രൂപംനൽകുകയും അത് സജീവമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് എത്ര മാറ്റങ്ങൾ കൊണ്ടുവരും എന്നത് നിങ്ങൾക്ക് അത് എത്ര അനുസരിക്കുവാൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. ഓർമ്മിക്കുക, അമിതമത്സ്യബന്ധനത്തെ അഭിസംബോധന ചെയ്യുന്നത് മത്സ്യത്തൊഴിലാളികളുടെയും ശാസ്ത്രജ്ഞരുടെയും നയങ്ങൾ രൂപപ്പെടുത്തുന്നവരുടെയും മാത്രം ചുമതലയല്ല.ഉപഭോക്താക്കളായ നമ്മുടെ ചുമതല കൂടിയാണത്.
Q.
എല്ലാ മത്സ്യങ്ങളും മഴക്കാലത്ത് പ്രജനനം നടത്തുന്നവയല്ലേ? എന്തുകൊണ്ടാണ് ഇന്ത്യയിൽ മഴക്കാലത്ത് മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നത്?
A.
എല്ലാ മത്സ്യങ്ങളും മഴക്കാലത്ത് പ്രജനനം ചെയ്യുന്നില്ല. നോ യുവർ ഫിഷ് നിർദ്ദേശങ്ങൾ സമാഹരിക്കുന്നതിനായി ഞങ്ങൾ 86 വ്യത്യസ്ത മത്സ്യജാതികളുടെ പ്രജനനകാലം പരിശോധിക്കുകയുണ്ടായി.അതിൽ 17 ഇനം മത്സ്യങ്ങൾക്കു മാത്രമേ പ്രജനനകാലത്തിന്റെ പാരമ്യം മഴക്കാലമാണെന്നു കണ്ടുള്ളൂ.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ മഴക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള മത്സ്യബന്ധന നിരോധനം നിലവിലുണ്ട്. എന്നിരുന്നാലും മഴക്കാലത്ത് ആർക്കൊക്കെ മത്സ്യബന്ധനം നടത്താമെന്നും നടത്തരുതെന്നുമുള്ള നിയമങ്ങൾക്ക് സംസ്ഥാനംതോറും വ്യത്യാസമുണ്ട്. ചെറുകിട മത്സ്യബന്ധനമേഖല യന്ത്രവത്കൃത മത്സ്യബന്ധനവുമായി മത്സരിക്കേണ്ട സാഹചര്യം വന്നപ്പോഴാണ് ഈ “നിരോധനം” നടപ്പിലാക്കിയത്. വർഷകാല നിരോധനത്തിന്റെ രൂപീകരണകാലത്ത് അതിന്റെ പ്രാഥമിക ഉദ്ദേശ്യം മത്സ്യങ്ങളെ അവയുടെ പ്രജനനകാലത്ത് സംരക്ഷിക്കുക എന്നതായിരുന്നില്ല, മറിച്ച് ചെറുകിട മത്സ്യത്തൊഴിലാളികളുടെ ജീവനോപായം ഉറപ്പുവരുത്തുക എന്നതായിരുന്നു. മത്സ്യങ്ങൾക്കും ഇതുവഴി സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് പിന്നീട് തിരിച്ചറിയുകയാണ് ചെയ്തത്.
മഴക്കാലത്ത് പ്രജനനകാലമുള്ള ആ 17 മത്സ്യജാതികളെ വർഷകാലനിരോധനം സംരക്ഷിക്കുന്നുണ്ട്, കൂടാതെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോടടുത്തുള്ള സമുദ്രജലത്തിന് ആ 45-60 ദിവസങ്ങളിൽ “മത്സ്യബന്ധനത്തിൽനിന്ന് വിശ്രമം” ലഭിക്കുന്നുമുണ്ട്. ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം അനുസരിക്കപ്പെടുന്ന മത്സ്യബന്ധന നിയന്ത്രണനിയമം ഇതാണ്.
Q.
മത്സ്യം വാങ്ങുമ്പോൾ അതിന്റെ വലിപ്പം ശ്രദ്ധിക്കേണ്ടതുണ്ടോ?
A.
2010നു മുൻപാണെങ്കിൽ വേണം എന്നാകുമായിരുന്നു ഉത്തരം - ചെറിയ മത്സ്യങ്ങളെ ( മത്സ്യക്കുഞ്ഞുങ്ങളെയും പ്രായപൂർത്തിയെത്താത്തവയെയും ) ഒഴിവാക്കണം .
എന്നാൽ അടുത്തകാലത്തു നടന്ന പഠനങ്ങൾ മുന്നോട്ടുവെക്കുന്ന “സന്തുലിത വിളവെടുപ്പു നിയമം” പറയുന്നത് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതുകൊണ്ട് മത്സ്യങ്ങളുടെ ലഭ്യത കാര്യമായി കുറഞ്ഞുപോവുകയില്ല എന്നാണ്. മത്സ്യമേഖലയുടെ ശാസ്ത്രലോകത്ത് ഇത് ഇന്നും ചൂടാറാത്തതും ഏകാഭിപ്രായത്തിലെത്താത്തതുമായ തർക്കവിഷയമാണ്.
ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഞങ്ങളുടെ നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയത് മത്സ്യങ്ങളുടെ പ്രജനനകാലങ്ങളെ മാത്രം കണക്കിലെടുത്താണ്. ഏതെങ്കിലും പ്രത്യേക ശരീരവലിപ്പം കൊണ്ട് മത്സ്യങ്ങളെ ഇതുവരെ ഞങ്ങൾ വേർതിരിച്ചു നിർദ്ദേശിച്ചിട്ടില്ല.
ഒരു ഇനം മത്സ്യത്തിന്റെ കാര്യത്തിൽമാത്രമേ ഞങ്ങൾക്ക് ഉറപ്പുള്ളൂ - സ്രാവുകളാണ് അത്. സ്രാവുകൾക്ക് മറ്റു മത്സ്യങ്ങളെപ്പോലെ നിരവധി കുഞ്ഞുങ്ങളുണ്ടാകാറില്ല. സ്രാവുകുഞ്ഞുങ്ങളുടെ മരണം അവയുടെ ആകെയുള്ള എണ്ണത്തെ തികച്ചും പ്രതികൂലമായി ബാധിക്കുകതന്നെ ചെയ്യും. സ്രാവുകളെ പൊതുവെ കഴിക്കാതിരിക്കുവാനാണ് ഞങ്ങൾ നിർദ്ദേശിക്കുക, എങ്കിലും കൂടിയേതീരൂ എന്നുണ്ടെങ്കിൽ അവയുടെ കുഞ്ഞുങ്ങളെ കഴിക്കുന്നില്ലെന്നെങ്കിലും ഉറപ്പുവരുത്തുക.
Q.
മരവിപ്പിച്ചു സൂക്ഷിച്ചിട്ടുള്ള മത്സ്യങ്ങളെ “ഒഴിവാക്കുക” എന്നു നിർദ്ദേശമുള്ള മാസങ്ങളിൽ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?
A.
ഒരു പ്രത്യേകയിനം മീനിനെ ഏതുമാസത്തിലാണ് പിടിച്ചത് എന്നറിയുന്നത് സുപ്രധാനമാണ്, ആ മാസത്തിൽ അത് “ഒഴിവാക്കുക” പട്ടികയിലാണോ അതോ “കഴിക്കാവുന്നത്” പട്ടികയിലാണോ എന്നും. അതിന്റെ പുറംചട്ടയിലെ വിവരങ്ങളിൽനിന്ന് ഇത് അറിയുവാനാകുമെങ്കിൽ ആ മാസത്തെ നിർദ്ദേശങ്ങൾ പരിശോധിക്കാവുന്നതാണ്. പിടിച്ച മാസം ഏതാണെന്ന് എഴുതിയിട്ടില്ലെങ്കിൽ മരവിപ്പിച്ചു സൂക്ഷിച്ച മത്സ്യം ഒരു മുൻകരുതലെന്ന നിലയിൽ ഉപേക്ഷിക്കുന്നതാണ് നല്ലത്.
Q.
ഒരു പ്രത്യേക മത്സ്യത്തെ “കഴിക്കാവുന്നത്” എന്ന പട്ടികയിൽ നോ യുവർ ഫിഷ് ചേർത്ത മാസത്തിൽ അതിൽ മുട്ടകളുണ്ടായിരുന്നത് എന്തുകൊണ്ടാണ്?
A.
1. പല മത്സ്യങ്ങളുടെയും പ്രജനനകാലം കൊല്ലം മുഴുവനുമായി നീണ്ടുകിടക്കുന്നുണ്ട്. ആ മത്സ്യങ്ങളെ കൊല്ലത്തിൽ ഒരുസമയത്തും കഴിക്കരുത് എന്നു പറയുന്നത് പ്രയോഗികമാണെന്ന് ഞങ്ങൾക്ക് വിശ്വാസമില്ല. അതുകൊണ്ട് പ്രജനനകാലം പാരമ്യത്തിലെത്തുന്ന സമയത്തു മാത്രം അവയെ ഒഴിവാക്കുവാനാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്. നിങ്ങൾക്കു കിട്ടിയ മത്സ്യം ഈ പാരമ്യകാലത്തിന്റെ പുറത്ത് പ്രജനനം നടത്തിയിട്ടുണ്ടാവാം, അതുകൊണ്ടായിരിക്കാം “കഴിക്കാവുന്നത്” എന്ന പട്ടികയിൽപെട്ടിട്ടും മുട്ടകൾ കണ്ടെത്തിയത്.
2 . 70 വർഷങ്ങളിലെ ഗവേഷണഫലങ്ങൾ സമാഹരിച്ച വിവരശേഖരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത് എങ്കിലും ഈ വിവരങ്ങളിൽ അധികപങ്കും അവസരവാദപരമാണ്. അതുകൊണ്ട് പലയിടത്തും ചേർച്ചക്കുറവ് കണ്ടേക്കാം.
3 . കാലാവസ്ഥാവ്യതിയാനം, അമിതമത്സ്യബന്ധനം, സമുദ്രത്തിലെ ജീവൻ നേരിടുന്ന മറ്റനവധി ഭീഷണികൾ തുടങ്ങിയവയുടെ ഫലമായി മത്സ്യങ്ങൾ അവയുടെ പ്രജനനരീതികൾ മാറ്റുന്നുണ്ടാവാം.
Q.
സമുദ്രത്തിലെ ആവാസവ്യവസ്ഥകളിൽ ഏറ്റവുംകുറവ് പാദമുദ്രകൾ ഏൽപ്പിക്കുന്നതിന് സമുദ്രോത്പന്നങ്ങൾ ഉപയോഗിക്കുന്നത് മുഴുവനായും ഉപേക്ഷിക്കുന്നതല്ലേ നല്ലത്?
A.
ഈ ചോദ്യം പതിവായി കേൾക്കാറുള്ളതുകൊണ്ട് സമുദ്രത്തെക്കുറിച്ചുള്ള ഞങ്ങളുടെ ബോധവത്കരണസംരഭം ആസൂത്രണംചെയ്യുന്ന സമയത്ത് (നോ യുവർ ഫിഷിനു മുൻപ്) ഈ വാദമുഖത്തെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നു. വൈയക്തികതലത്തിൽ തീർച്ചയായും സമുദ്രോത്പന്നങ്ങൾ ഉപേക്ഷിക്കുന്നതുതന്നെയാണ് സ്വന്തം പാദമുദ്രകൾ സമുദ്രത്തിൽ ഇല്ലാതിരിക്കുവാൻ നല്ല മാർഗ്ഗമെന്നു തോന്നും. സമുദ്രോത്പന്നങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ ജനതയും അതു വേണ്ടെന്നുവെക്കണമെന്നാണ് താത്വികമായി ഇതിന്റെ അർത്ഥം. അത്തരം കടുത്ത നടപടിയെക്കുറിച്ചും അതിന്റെ പരിണതഫലങ്ങളെക്കുറിച്ചുമുള്ള ഞങ്ങളുടെ ചിന്തകളിൽ ഉയർന്നുവന്ന ചില ചോദ്യങ്ങളാണ് താഴെ.
ഇന്ന് ഇന്ത്യയിലെ പതിവ് ആഹാരത്തിൽപ്പെട്ടതാണ് സമുദ്രോത്പന്നങ്ങൾ. ദശലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനോപാധിയും അതാണ്. സമുദ്രോത്പന്നങ്ങൾ ഉപേക്ഷിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്താൽ ചില ചോദ്യങ്ങൾ പരിഗണിക്കേണ്ടിവരും –
1. ഈ മനുഷ്യർക്കെല്ലാം കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ആഹാരരീതി നാം ലഭ്യമാക്കുന്നുണ്ടോ?
2. പകരം ലഭ്യമാക്കുന്ന ആഹാരം കരയിൽനിന്ന് ലഭിക്കുന്നതാകുമോ ?
3. അങ്ങനെയാണെങ്കിൽ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്ന കരയിലെ ആവാസവ്യവസ്ഥകളെ അവ എത്തരത്തിലാവും ബാധിക്കുക?
4. മത്സ്യവ്യവസായത്തെ ജീവനോപാധിയല്ലാതാക്കിയാൽ അതിനു നൽകേണ്ടിവരുന്ന മാനുഷികമായ വില (തൊഴിൽ, സ്വാസ്ഥ്യം, സാംസ്കാരികം എന്നിങ്ങനെ ) എന്തായിരിക്കും ?
ശാസ്ത്രലേഖനങ്ങളിൽ ഇവയുടെ ഉത്തരങ്ങൾ കണ്ടെത്തുവാൻ കഴിവതും ശ്രമിച്ചിട്ടും ഈ പ്രശ്നങ്ങളെ തൃപ്തികരമായി നേരിടുന്ന ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല. ഈ വിഷയത്തിൽ ഏതെങ്കിലും ലേഖനങ്ങൾ നിങ്ങൾക്കറിയുമെങ്കിൽ അതിനെക്കുറിച്ച് അറിയുവാനും വായിക്കുവാനും ഞങ്ങൾക്ക് താത്പര്യമുണ്ട്.
കൂടാതെ, സമുദ്രോത്പന്നങ്ങൾ ഉപേക്ഷിക്കുന്നതിന് ഒരു ധാർമികതലവും ഉണ്ട്. മനുഷ്യന്റെ ഒരു പ്രവൃത്തിയും മറ്റൊരു മനുഷ്യനോ ജീവിക്കോ (മൃഗമോ ഷഡ്‌പദമോ ചെടിയോ സൂക്ഷമജീവിയോ) ഉപദ്രവമോ വേദനയോ പുതുക്കലോ “അസ്വാഭാവിക”മാറ്റമോ ഉണ്ടാക്കാതിരിക്കുന്നതാണ് ഉത്തമം. എന്നാൽ ജീവശാസ്ത്രപരമായ പരിമിതികൾകൊണ്ട് മനുഷ്യർക്ക് മനുഷ്യേതരമായവയെ ആശ്രയിക്കാതെ പറ്റില്ല. അത്തരമൊരു സാഹചര്യത്തിൽ ഇപ്പോഴുള്ള മനുഷ്യന്റെ ഭക്ഷ്യസമ്പാദനവ്യവസ്ഥകളെ അന്യോന്യം താരതമ്യം ചെയ്ത് ഏതാണ് “ഏറ്റവും ധാർമികം/ദയാപരം/മനുഷ്യത്വപരം” എന്നു കണ്ടെത്തുമ്പോൾ പ്രസ്തുത തീരുമാനമെടുക്കുക സാധ്യമല്ലെന്നു വരുന്നു.
അതിനാൽ, ഒരു ജനതയുടെ ആഹാരരീതി ഒന്നാകെ കരയിലുള്ള ഭക്ഷ്യസ്രോതസ്സുകളിലേക്ക് മാറുക എന്നത് പ്രാവർത്തികമായ പരിഹാരമാണോ എന്നതിന് ഉറപ്പില്ല. സമുദ്രോത്പന്നങ്ങൾ കഴിക്കുന്നതു തുടരാതെ അതിനു പകരമായി മറ്റെന്തെങ്കിലും ആഹാരമാക്കുന്നത് “കൂടുതൽ ധാർമികം” ആണോ എന്നും നമുക്കുറപ്പില്ല. ഈ കാര്യങ്ങൾ എല്ലാം കണക്കിലെടുക്കുമ്പോൾ മത്സ്യങ്ങളുടെ ജീവശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ജീവിതചക്രം ഇവയെക്കുറിച്ച് സമുദ്രോത്പന്നങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ ധാരണയുണ്ടാക്കുന്നതാണ് ജനങ്ങൾക്കിടയിൽ ചെയ്യേണ്ടതെന്ന് ഞങ്ങൾ കണ്ടെത്തി - ദിനംപ്രതിയുള്ള തെരഞ്ഞെടുപ്പുകളിൽ അവർ സമുദ്രത്തിലെ ജീവനോട് കുറച്ചുകൂടി സഹാനുഭൂതി പ്രകടിപ്പിക്കുമെന്ന പ്രതീക്ഷയോടെ.
Q.
നോ യുവർ ഫിഷ് കലണ്ടറിൽ “കഴിക്കാവുന്നത്” എന്ന പട്ടികയിലുള്ള ഇനം മത്സ്യത്തിന്റെ വയറ്റിൽ മുട്ടകൾ കണ്ടാൽ എന്തുചെയ്യണം?
A.
നിങ്ങൾ കണ്ടത് ഞങ്ങളെ അറിയിക്കുക. സമുദ്രോത്പന്ന ഉപഭോക്താക്കൾക്ക് അവരുടെ നിരീക്ഷണങ്ങൾ പങ്കുവെക്കുവാനും അതുവഴി ഈ മാതൃകകൾ അപ്പോൾതന്നെ മനസ്സിലാക്കുവാൻ ഞങ്ങളെ സഹായിക്കുവാനുമായി ഇപ്പോൾ ഒരു ഇടം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളുടെ നിരീക്ഷണങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രേഖപ്പെടുത്താവുന്നതാണ്. ഇതേ ലിങ്കിൽത്തന്നെ മറ്റ് സമുദ്രോത്പന്ന ഉപഭോക്താക്കളുടെ നിരീക്ഷണങ്ങൾ നിങ്ങൾക്ക് പരിശോധിക്കുവാനും സാധിക്കും. നിങ്ങൾ നൽകുന്ന വിവരങ്ങൾ ഞങ്ങൾ നിരന്തരം വിശകലനം ചെയ്യുന്നുണ്ട്. ഏതെങ്കിലുമൊരു ഇനം മത്സ്യത്തിനെക്കുറിച്ച് ഞങ്ങൾ നൽകിയ നിർദ്ദേശങ്ങളുമായി ചേർന്നുപോകാത്ത നിരീക്ഷണങ്ങൾ ധാരാളമായി ലഭിക്കുകയാണെങ്കിൽ ഞങ്ങൾ അത് വിശകലനംചെയ്യുകയും വേണ്ടിവന്നാൽ കലണ്ടറിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നതാണ്.