എന്തുകൊണ്ട് ചുമതലാബോധത്തോടെ കഴിക്കണം?
സമുദ്രോത്പന്നങ്ങൾ ഉപയോഗിക്കുന്നവർ എന്ന നിലക്ക് നാം കഴിക്കുന്ന മത്സ്യങ്ങൾ നമുക്ക് ഏറെ പ്രിയങ്കരമാണ്, ഇനിയും വളരെക്കാലം നമുക്ക് അവയെ കഴിക്കുവാൻ സാധിക്കണമെന്നാണ് മോഹം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നമുക്കിഷ്ടപ്പെട്ട മത്സ്യങ്ങൾ ദുർലഭമായിട്ടുണ്ട് കാരണം കടലിൽ അവയുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പിടിക്കപ്പെടുന്ന മത്സ്യങ്ങളുടെ എണ്ണത്തേക്കാൾ കുറവാണ് കടലിൽ ഉണ്ടാകുന്ന പുതിയ മത്സ്യങ്ങളുടെ എണ്ണം എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അമിതമത്സ്യബന്ധനം എന്നാണ് ഇത് അറിയപ്പെടുന്നത്.
മത്സ്യക്കൂട്ടങ്ങൾ അമിതമത്സ്യബന്ധനത്തിന് ഇരയാകുന്നതിൽ നമ്മുടെ മത്സ്യ ഉപഭോഗത്തിന് പ്രധാനപങ്കുണ്ട്.
ഇന്ത്യയിൽ ശ്രാവണമാസം അല്ലെങ്കിൽ ഗണേശോത്സവത്തിന്റെ മാസം (ആഗസ്ത് മുതൽ സെപ്റ്റംബർ വരെ )ഉദാഹരണമായെടുക്കാം. ഈ മാസങ്ങൾ പുണ്യമാസങ്ങളായി കരുതപ്പെടുന്നതിനാൽ ഇന്ത്യക്കാരിൽ പലരും ഇക്കാലത്ത് മത്സ്യം കഴിക്കാറില്ല. അതിന്റെ ഫലമായി ഈ മാസങ്ങളിൽ കടലിൽ പോയി മത്സ്യം പിടിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നില്ല.
നേരെ മറിച്ച് ക്രിസ്തുമസ്, പുതുവത്സരക്കാലത്ത് മത്സ്യത്തിന് വളരെയധികം ആവശ്യക്കാരുണ്ടാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കൂടുതലായി മത്സ്യബന്ധനത്തിൽ ഏർപ്പെടും. നമ്മുടെ തെരഞ്ഞെടുപ്പുകൾക്ക് കമ്പോളത്തെയും അതുവഴി സമുദ്രത്തിലുണ്ടാകുന്ന മത്സ്യബന്ധന സമ്മർദ്ദങ്ങളെയും നിയന്ത്രിക്കുവാനുള്ള കഴിവുണ്ട് എന്നതാണ് ഈ ഉദാഹരണങ്ങൾകൊണ്ട് മനസ്സിലാവുന്നത്.
നമുക്കും ചിലതു ചെയ്യുവാൻ സാധിക്കും - മത്സ്യം മുഴുവനായും ഉപേക്ഷിച്ചുകൊണ്ടല്ല, ഏതു മത്സ്യം എപ്പോൾ കഴിക്കണം എന്ന തെരഞ്ഞെടുപ്പിലൂടെ. നമുക്കിഷ്ടപ്പെട്ട മത്സ്യങ്ങൾക്ക് അവയുടെ പ്രജനനകാലം പോലെയുള്ള നിർണ്ണായകസമയങ്ങളിൽ ഇടവേള നൽകുവാൻ നമുക്കു സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ വർഷത്തിന്റെ ബാക്കിസമയം മുഴുവൻ നമുക്കിഷ്ടപ്പെട്ട മത്സ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യാം! അതുകൊണ്ടാണ് സമുദ്രോത്പന്നങ്ങൾ ചുമതലാബോധത്തോടെ കഴിക്കണം എന്നു പറയുന്നത്.